സങ്കീര്‍ത്തനമീ സൗഹൃദം

ആശ്രാമം ഭാസിയും പെരുമ്പടവം ശ്രീധരനും

ആശ്രാമം ഭാസിയും പെരുമ്പടവം ശ്രീധരനും

– ലക്ഷ്മി സി. പിള്ള

ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ആളെന്ന് ദസ്തയേസ്‌കിയെ സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞ നിമിഷത്തില്‍ ഏതോ ഒരു പ്രകാശം കൊണ്ട് എന്റെ
അകം നിറയുന്നതുപോലെ എനിക്കുതോന്നി. പിന്നെയുള്ള ദിവസങ്ങളില്‍
ദൈവമുണ്ടായിരുന്നു എന്റെകൂടെ…..

ഒരു സങ്കീര്‍ത്തനംപോലെയുടെ മുഖവുരയില്‍ പെരുമ്പടവം ഇങ്ങനെ എഴുതിയിട്ടുണ്ട്. വാക്കുകള്‍ അറംപറ്റിയതുപോലെ. ദസ്തയേവ്‌സ്‌കിയുടെ അന്തഃസംഘര്‍ഷത്തിന്റെ കഥ പറഞ്ഞ എഴുത്തുകാരന്റെ മേലും ദൈവത്തിന്റെ കൈയ്യൊപ്പ് വീണിരിക്കുന്നു എന്നുവേണം കരുതാന്‍. ഈ മനോഹരകൃതി നാല്പത്തിമൂന്നാം പതിപ്പിലേയ്ക്ക് കടക്കുകയാണ്. ഇതുവരെ ഒരുലക്ഷത്തി മൂപ്പതിനായിരം കോപ്പികള്‍. മലയാള
സാഹിത്യത്തില്‍ ഇത് എക്കാലത്തെയും റിക്കോഡാണ്. കുറഞ്ഞവര്‍ഷംകൊണ്ട് ഏറ്റവുമധികം പതിപ്പുകള്‍ ഇറങ്ങിയെന്ന ബഹുമതി ഈ കൃതിക്ക് സ്വന്തം. ഈ വിജയത്തിന് ഒപ്പം കൂട്ടുനിന്നത് ദൈവത്തിന്റെ കൈയ്യൊപ്പ് വീണ ഒരു സൗഹൃദമാണ്.

1972ല്‍ തുടങ്ങി അഗാധമായ തലത്തിലേയ്ക്ക് വളര്‍ന്ന മുജ്ജന്മ സുകൃതം പോലെയുള്ള ആത്മബന്ധം. പെരുമ്പടവം ശ്രീധനരും പ്രസാധകന്‍ ആശ്രാമം ഭാസിയും തമ്മിലുള്ള ബന്ധത്തിന് അത്രയ്ക്ക് ആത്മാര്‍ത്ഥതയും ആഴവുമാണ്. ഒരിക്കല്‍പോലും കലഹിക്കാത്ത ബന്ധം. ഒരിക്കല്‍പോലും തെറ്റിദ്ധരിക്കാത്ത ബന്ധം. 38 വര്‍ഷമായി പ്രസാധകനും എഴുത്തുകാരനും തമ്മിലുള്ള കരാറുകളില്‍ ഒപ്പിടാത്ത ബന്ധം. ഒരു പ്രസാധകന്റെ ചതിയുടെയും വഞ്ചനയുടെയും കഥ പറയുന്ന ഗ്രന്ഥത്തിന് കിട്ടിയ
പ്രസാധകനാകട്ടെ ഒരു ബിസിനസ് ചൂതാട്ടക്കാരനേയല്ല. വായനക്കാരനായി, ആരാധകനായി തന്നെ കാണാനെത്തിയ കുഞ്ഞിപയ്യന്‍ എന്ന് പെരുമ്പടവത്തിന്റെ വാക്കുകളില്‍ പറയാം. പരസ്പരം കാണുന്നു- എഴുത്തിന്റെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നു. ആദ്യകാലത്തെ പല സന്ദര്‍ശനങ്ങളും പെരുമ്പടവം അങ്ങനെയേ കരുതിയുള്ളൂ.

എന്നാല്‍ പതിയെപ്പതിയെ ഈ വായനക്കാരന്‍ പെരുമ്പടവത്തിന്റെ മനസ്സിലേയ്ക്ക് കയറി. ഒരു സാധാരണ വായനക്കാരന്‍ മാത്രമാണോ ആശ്രാമം ഭാസി? മറ്റാരെയും പോലെയല്ല ഈ കുഞ്ഞുപയ്യന്‍ എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ വീണ്ടും മനസ്സു പറഞ്ഞു സാഹിത്യവാസനകൊണ്ടാവാം. എന്നാല്‍ ആ വായനക്കാരന്റെ ആത്മാര്‍ത്ഥത, സ്‌നേഹം, സത്യസന്ധത എന്നിവ പതിയെ ഞാന്‍ തിരിച്ചറിയുകയായിരുന്നു – പെരുമ്പടവം ഓര്‍ക്കുന്നു.

1972ല്‍ തുടങ്ങിയ ഒരു കത്തയക്കലും മറുപടിയും ഇവരെ കൊണ്ടെത്തിച്ചത് ഒരായുഷ്‌ക്കാല ബന്ധത്തിലേയ്ക്കാണ്. 38 വര്‍ഷത്തെ ആത്മബന്ധം. ഒരമ്മപെറ്റ മക്കളല്ലെങ്കിലും ചേട്ടനും അനിയനുമെന്ന് രണ്ടുപേരും വിലമതിക്കുന്ന സാഹോദര്യം. എല്ലാകാര്യത്തിലും അഭിപ്രായ ഐക്യതയാണിവര്‍ക്ക്. ഒരുമിച്ചുള്ള യാത്രകള്‍, മുടങ്ങാത്ത ഫോണ്‍ വിളികള്‍, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദം.

നിയോഗത്തിന്റെ സങ്കീര്‍ത്തനം
ഒരു സങ്കീര്‍ത്തനംപോലെ അച്ചടിക്കായി പായ്ക്ക് ചെയ്ത് ഒരുക്കിവയ്ക്കുമ്പോള്‍ നിമിത്തം പോലെ ആശ്രാമം ഭാസി തിരുവനന്തപുരത്തെത്തിയതാണ്. മേശപ്പുറത്തിരിരുന്ന കെട്ടിലേയ്ക്ക് നോക്കി ഭാസി ചോദിച്ചു. ഈ പുസ്തകം ഞാന്‍ അച്ചടിക്കട്ടെ– പെരുമ്പടവം നിരുത്സാഹപ്പെടുത്തി. വേണ്ട, നഷ്ടം
വരും. മുടക്കിയ പണം എന്ന് പുസ്തകം വിറ്റ് പിരിഞ്ഞുകിട്ടുമെന്നറിയില്ല. മറ്റൊരു രാജ്യത്തെ കഥപറയുന്ന നോവല്‍ മലയാളി എങ്ങനെ സ്വീകരിക്കുമെന്ന് എനിക്കറിയില്ല
.

ചേട്ടാ, ഞാനീ പുസ്തകം അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി; നഷ്ടമോ ലാഭമോ, അതെങ്ങനെയും വന്നോട്ടെ, എത്രയും വേഗം ഈ പുസ്തകം അച്ചടിക്കണം. ആത്മാര്‍ത്ഥമായ ആ നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നുവെന്ന് പെരുമ്പടവം. അത് കാലത്തിന്റെ നിയോഗമെന്ന് രണ്ടുപേരും വിധിയെഴുതുന്നു.

അച്ചടിയെക്കുറിച്ചും പ്രസാധനത്തെക്കുറിച്ചും ഒന്നും അറിയാത്ത ഭാസി കോട്ടയത്ത് പോയി ആദ്യപാഠങ്ങള്‍ പഠിച്ചു. പുസ്തകം അച്ചടിമഷി പുരണ്ടു- 1993ല്‍ വായന മരിക്കുന്നു എന്ന മുറവിളിക്കിടയില്‍ ഒരു സങ്കീര്‍ത്തനംപോലെ മലയാളത്തില്‍ വായനയുടെ ഉത്സവമായി – നിലയ്ക്കാത്ത കത്തുകള്‍, ഫോണ്‍വിളികള്‍. 1000 കോപ്പി അച്ചടിച്ചാല്‍ ഗ്രന്ഥം വിറ്റുതീരുവാന്‍ 1 വര്‍ഷം വരെ വേണ്ടിവരുന്ന സ്ഥാനത്ത് 3000 കോപ്പികള്‍ 2 മാസത്തിനകം ചൂടപ്പംപോലെ പോയി. മലയാളത്തിലെ എക്കാലത്തെയും റിക്കോഡാണിത്.

പഠിക്കുന്ന കാലത്ത് സാഹിത്യ രചനയുണ്ടായിരുന്ന ആശ്രമം ഭാസിക്ക് ഇന്ന് ജീവിതം തന്നെ സങ്കീര്‍ത്തനമാണ്. വീടിന്റെ പേര് സങ്കീര്‍ത്തനം. പ്രസാധക സ്ഥാപനത്തിന്റെ പേര് സങ്കീര്‍ത്തനം. എട്ടുവര്‍ഷം പെരുമ്പടത്തിന്റെ ഗ്രന്ഥങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച അപൂര്‍വ്വ ചരിത്രമാണ് ഭാസിയുടേത്. സങ്കീര്‍ത്തനം
പബ്ലിക്കേഷന്‍സ് പെരുമ്പടവത്തിന്റെ 52 ഗ്രന്ഥങ്ങള്‍ ഇതുവരെ പ്രസിദ്ധീകരിച്ചു. എന്നാലിന്ന് മറ്റ് പ്രമുഖ സാഹിത്യകാരന്മാരുടെയും ഗ്രന്ഥങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ഒരു പ്രസാധകന്റെ ആത്മാര്‍ത്ഥതയുടെയും പ്രയത്‌നത്തിന്റെയും വിജയംകൂടിയാണ് സങ്കീര്‍ത്തനത്തിന്റെ വിജയമെന്ന് പെരുമ്പടവം. എല്ലാം വേണ്ടപോലെ നോക്കി ചെയ്‌തോളും ഭാസി – ഒരു പതിപ്പിന്റെ കോപ്പികള്‍ തീരുന്നതിന് മുന്‍പുതന്നെ അടുത്തത് വിതരണത്തിന് തയ്യാറാകും.

നാല്പത്തിമൂന്നാം പതിപ്പിന്റെ ആഹ്ലാദത്തിനിടയില്‍ മലയാളനാട് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു – ഒരു സങ്കീര്‍ത്തനംപോലെ അന്‍പതാം പതിപ്പും പിന്നിടട്ടെ. അതുപോലെ ദൈവത്തിന്റെ കൈയ്യൊപ്പുമുള്ള ഈ സൗഹൃദബന്ധവും.

നോവലിലെ ഏറ്റവും പ്രിയപ്പെട്ട ഭാഗം?
17 വര്‍ഷത്തിലേറെയായി എഴുതി ക്ലീഷേ ആയതായിരുന്നു സങ്കീര്‍ത്തനം പോലെ എന്ന നോവലിനെക്കുറിച്ചുള്ള വാക്‌ദ്ധോരണികളില്‍ ഏറെയും. അതുകൊണ്ട് തന്നെ ഇതുവരെ ആരും പറയാത്തത് എന്തെങ്കിലും ഫീച്ചറില്‍ ഉണ്ടാവണം എന്ന അദമ്യമായ ആഗ്രഹത്തോടെ അദ്ദേഹത്തോട് സംവദിച്ചപ്പോള്‍ കിട്ടിയത്…

നോവലിന്റെ ഏറ്റവും അവസാനത്തെ വരികളാണത്. എന്റെ ഹൃദയമുദ്രയുള്ള വാക്കുകള്‍, അത് എഴുതിയപ്പോള്‍ മാത്രമാണ് ഞാനൊരു എഴുത്തുകാരനായത്. പെരുമ്പടവത്തിന് മാത്രം എഴുതുവാന്‍ കഴിയുന്ന വാക്കുകളാണെന്ന് അഹങ്കാരത്തോടെ പറയട്ടെ. തൊട്ടുപിന്നാലെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷമിക്കണം – എളിമയോടെ പറയുന്നു.

വായനക്കാര്‍ ആ വരികളെ തിരിച്ചറിയാഞ്ഞതില്‍ ഞാനിന്നും ദുഃഖിക്കുന്നു. ആരും എന്നോടിത് ചോദിച്ചില്ല – ആരും തിരിച്ചറിഞ്ഞതുമില്ല – അന്നയുടെയും ദസ്തയേവ്‌സ്‌കിയുടെയും കൂടിച്ചേരല്‍ അത്രയ്ക്കും ആത്മാര്‍ത്ഥതയോടെ ഹൃദയഭാഷയുടെ വരികളിലൂടെയാണ് ഞാന്‍ എഴിതിയത്. ഈ നോവല്‍ അവസാനിപ്പിക്കുവാന്‍ എന്റെ ഹൃദയത്തില്‍നിന്നും വന്ന വാക്കുകളായിരുന്നു അത്. വായനക്കാര്‍ക്കായി അത് ഇവിടെ ചേര്‍ക്കുന്നു.

നോവല്‍ ഏറ്റുവാങ്ങിയതിന് പോലീസ് ഇന്‍സ്‌പെക്ടര്‍ എഴുതിക്കൊടുത്ത രസീതുംകൊണ്ട് അന്ന ഇറങ്ങിവന്നപ്പോള്‍ ജീവിതത്തില്‍ ശേഷിക്കുന്ന എല്ലാ മോഹങ്ങളോടുംകൂടി ദസ്തയേവ്‌സ്‌കി അവളെ നോക്കി. ദൈവികമായ ഒരു നിമിഷമാണതെന്ന് അദ്ദേഹത്തിന് തോന്നി…. ദൈവം സാക്ഷിനില്‍ക്കുന്ന ഒരു
നിമിഷം. ദൈവം കാവല്‍ നില്‍ക്കുന്ന ഒരു നിമിഷം ആ നിമിഷത്തിന്റെ അധൃഷ്യമായ പ്രേരണയ്ക്കു കീഴടങ്ങി ദസ്തയേവ്‌സ്‌കി ആ വഴിയരികില്‍ വച്ച് അന്നയെ കെട്ടിപ്പുണര്‍ന്നു. ദുരന്തത്തിന്റെയോ മരണത്തിന്റെയോ ഗര്‍ത്തങ്ങളില്‍ നിന്ന് ഒരാത്മാവ് ദൈവികമായ ഒരു നിമിഷത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് അനശ്വരതയുടെ ഏതോ ഒരു ശിഖരത്തില്‍വച്ച് അതിന്റെ ഇണയെ കണ്ടുമുട്ടുന്നതുപോലെയായിരുന്നു അത്.

(www.instylekeralam.com, 2010 സെപ്‌റ്റംബര്‍ ലക്കം)

.