പുസ്തകക്കവറിൽ 3D

3D Cover

3D Cover

ത്രിമാന പുറംചട്ടയുള്ള പുസ്തകം മലയാളത്തിൽ ആദ്യമായി ഇതാ പുറത്തുവന്നിരിക്കുന്നു. സങ്കീർത്തനം പബ്ലിക്കേഷൻസിന്റെ പത്രം നമ്മുടെ മിത്രം എന്ന പുസ്തകത്തിനാണ് മലയാളത്തിലെ ആദ്യ ത്രീ ഡി പുറംചട്ട.

വിദേശരാജ്യങ്ങളിൽ നിന്നു വരുന്ന ആശംസാ കാർഡുകളിലാണ് ത്രിമാനചിത്രങ്ങൾ മലയാളികൾ ആദ്യം കണ്ടു ശീലിച്ചത്. പിന്നീട് ദൈവങ്ങളുടെ ചിത്രങ്ങളും കലണ്ടറുമൊക്കെ ഈ രീതിയിൽ രംഗത്ത് വന്നു. അപ്പോഴും ബാക്കി കിടന്ന ഒരു മേഖലയാണ് സങ്കീർത്തനത്തിലൂടെ മലയാളത്തിൽ ചരിത്രമെഴുതുന്നത്.

കൊല്ലം കൊട്ടിയം ഷാർപ്പ് ഡിജിറ്റൽ കളർ ലാബിലാണ് കേരളത്തിന്റെ ആദ്യ ത്രീ ഡി പുസ്തക പുറംചട്ട രൂപപ്പെട്ടത്. ത്രീ ഡി ഫോട്ടോ ആൽബങ്ങളുടെ രൂപകല്പനയിലൂടെ ഒരു വർഷത്തിലേറെയായി ഷാർപ്പ് കളർ ലാബ് ഈ മേഖലയിൽ സജീവമാണ്. അക്ഷരങ്ങളും ചിത്രങ്ങളും മറ്റു രൂപങ്ങളുമൊക്കെ പല തലത്തിൽ കാണുകയും വിവിധ ഭാഗങ്ങൾ ഓടുകയും തിരിയുകയുമൊക്കെ ചെയ്യുന്നതായി തോന്നുന്നതുമാണ് ഷാർപ്പിലെ കലാകാരന്മാരുടെ കമ്പ്യൂട്ടർ വിരുതിൽ രൂപം കൊണ്ടത്.

ശ്രീജിത് കെ വാരിയർ രചിച്ച പത്രം നമ്മുടെ മിത്രം ത്രീ ഡി കവറുമായി പുറത്തുവരുന്നത് ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പിലാണെന്നത് യാദൃശ്ചികത.

വില്പനയിൽ വിസ്മയം സൃഷ്‌ടിച്ചുകൊണ്ട് നാല്പത്തിയേഴാം പതിപ്പിലെത്തിയ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ, പ്രകാശനദിവസം ആദ്യപതിപ്പ് പൂർണമായി വിറ്റുപോയ പെരുമ്പടവത്തിന്റെ തന്നെ നാരായണം, മാധ്യമപ്രവർത്തകരുടെ കഥകളുടെ കൂട്ടായ്‌മയായ ബൈലൈൻ, വഴിയോരക്കച്ചവടക്കാരി അംബികയുടെ കവിതകൾ സമാഹരിച്ച ചുമട് എന്നിവയ്‌ക്കു പിറകേ സങ്കീർത്തനത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടാണിതെന്ന് മാനേജിങ് ഡയറക്‌ടർ ആശ്രാമം ഭാസി പറഞ്ഞു.

(Malayala Manorama, 2011 May 1)

Discuss This Book