അൻപതാം സങ്കീർത്തനം

Perumpadavom Sereedharan, Ashramam Bhasi

Perumpadavom Sereedharan, Ashramam Bhasi

മലയാള മനോരമയുടെ ‘ഞായറാഴ്‌ച’യിൽ ശ്രീജിത്ത് കെ. വാരിയർ എഴുതിയ കുറിപ്പ്. ഫോട്ടോ: ജിജോ പരവൂർ

വായനയുടെ ഓണങ്ങളെത്ര കടന്നുപോയി…? അക്ഷരപ്പൂക്കളവുമായി പുതിയ വായനക്കാരെ വരവേറ്റുകൊണ്ടേയിരിക്കുന്നു, ‘ഒരു സങ്കീര്‍ത്തനം പോലെ. പത്തൊന്‍പതു കൊല്ലം മുന്‍പ് ഒരോണക്കാലത്തു പുറത്തുവന്ന്, ഈ ഓണക്കാലത്ത് അന്‍പതാം പതിപ്പിലെത്തുന്ന വായനയുടെ നിറക്കൂട്ട്.

എഴുത്തുമാത്രം ജീവിതമാക്കിയ പെരുമ്പടവം ശ്രീധരന്‍ ‘ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെ രചിച്ചതു മലയാളസുഗന്ധമുള്ള ഒരു കൂട്ടുകെട്ടു കൂടിയാണ്. അന്നുവരെ പുസ്തകം പുറത്തിറക്കിയിട്ടേയില്ലാത്ത ആശ്രാമം ഭാസി ‘ഒരു സങ്കീര്‍ത്തനം പോലെ പ്രസാധനം ചെയ്യാന്‍ സധൈര്യം മുന്നോട്ടുവന്നപ്പോള്‍, പെരുമ്പടവത്തിന്‍റെ സ്‌നേഹത്തിനു മതില്‍ കെട്ടാനായില്ല. ആദ്യപതിപ്പു പുറത്തുവന്നശേഷമാണു ഭാസിയുടെ ‘സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് രൂപമെടുക്കുന്നതുപോലും. പത്തൊന്‍പതാണ്ടിനിടെ ഇൗ കൂട്ടുകെട്ടില്‍ അന്‍പത്തിയഞ്ചു പുസ്തകങ്ങള്‍ പുറത്തിറങ്ങി. അന്‍പതു പതിപ്പു കടക്കുന്ന ‘സങ്കീര്‍ത്തനത്തിന് ഒന്നരലക്ഷത്തോളം കോപ്പികളായി.

1993 സെപ്റ്റംബറില്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണ് ‘സങ്കീര്‍ത്തനത്തിന്റെ ആദ്യപതിപ്പ് വെളിച്ചത്തുവന്നത്. സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സിന്റെ പേരില്‍ പുറത്തുവന്ന ആദ്യപതിപ്പ് ഫലത്തില്‍ രണ്ടാം പതിപ്പായിരുന്നു. പെരുമ്പടവം-ഭാസി കൂട്ടുകെട്ട് പുസ്തകപ്പെരുമയുടെ ഇഴയുറപ്പുള്ള ചരടില്‍ ബൈന്‍ഡ് ചെയ്‌യപ്പെട്ടു.

വയലാര്‍ അവാര്‍ഡടക്കം വിശിഷ്ട ബഹുമതികള്‍ ഏറെ ലഭിച്ച ‘സങ്കീര്‍ത്തന’ത്തിനു ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി ഭാഷകളില്‍ പരിഭാഷവന്നു. ‘മിസ്ല്‍ തര്‍ണിമ’ എന്ന അറബിക് ഭാഷാന്തരത്തിലൂടെ ‘സങ്കീര്‍ത്തനം’ കടലിനപ്പുറത്തേക്കും പറന്നു. ഉടനെ വരാനിരിക്കുന്നു, ഇംഗ്ലിഷ് പതിപ്പ്.

ആദ്യ ഒന്‍പതു പതിപ്പുവരെ പ്രകാശനച്ചടങ്ങു പോലുമില്ലാതെ വായനക്കാര്‍ സ്വീകരിച്ച ‘ഒരു സങ്കീര്‍ത്തനം പോലെ, അന്‍പതാം പതിപ്പായി പുറത്തുവരുന്നതു പത്തു വ്യത്യസ്ത കവറുകളുമായാണ്. ആദ്യ പതിപ്പു മുതല്‍ കവര്‍ ഒരുക്കിയ ടി.എ. ജോസഫിനൊപ്പം പ്രദീപ് ശശിയും വ്യത്യസ്തമായ പത്തു പുതിയ കവറുകളുടെ കരവിരുതിനു പിറകിലുണ്ട്. ആരംഭംമുതല്‍ ജോസഫ് വരച്ച രേഖാചിത്രങ്ങള്‍ അന്‍പതാം പതിപ്പിലും ‘സങ്കീര്‍ത്തനത്തിന്റെ വായനാചിത്രമാകും.

ആഘോഷങ്ങളില്‍ അത്രയേറെ താല്‍പര്യമില്ലാത്ത പെരുമ്പടവവും ഭാസിയും, സഹൃദയരുടെയും അടുപ്പമുള്ളവരുടെയും സ്‌നേഹസമ്മര്‍ദത്താല്‍ അന്‍പതാം പതിപ്പിന്‍റെ ഉല്‍സവത്തിനു തയാറെടുക്കുകയാണ്.
(കടപ്പാട്: മലയാള മനോരമ)

  1. Manoj says:

    Beautiful novel !!!

Discuss This Book